Sunday, October 8, 2017

അലക്സിയുടെ കുറ്റാന്വേഷണ കഥകൾ

പേര്  : ശവപ്പെട്ടിയിലെ രഹസ്യം 

രചന : രഞ്ജു കിളിമാനൂർ 

ഞാൻ  അവിടെയെല്ലാം അരിച്ചു പെറുക്കി.. ആ പേപ്പർ കാണാനില്ല. ഈ മുറി  മറ്റാരും ഉപയോഗിച്ചിട്ടില്ല.. പിന്നെങ്ങനെ ആ ഒരു കടലാസ് മാത്രം കാണാതാകും.. ഒരു പക്ഷേ മറ്റാരെങ്കിലും ഈ റൂമിൽ അതിക്രമിച്ചു കടന്നു കാണുമോ ?? ഞാൻ റൂമിനു പുറത്തിറങ്ങി  കയ്യിൽ ഉള്ള താക്കോൽ കൊണ്ട് വാതിൽ പൂട്ടി നോക്കി.. പൂട്ടിനു യാതൊരു തകരാറും സംഭവിച്ചിട്ടില്ല. ആകെ സംശയിക്കേണ്ടത്‌ ഈ വീടിന്റെ മുതലാളിയെയാണ്. അയാളാകട്ടെ ഒരാഴ്ചയായി ഡെങ്കു പനി പിടിച്ചു കിടപ്പിലാണ്. ഒരു കാരണവശാലും അയാൾക്ക്‌  കടലാസ്  എടുക്കാൻ സാധ്യമല്ല. ഞാൻ അലക്സിയെ ഫോണിൽ വിളിച്ചു.

 "താങ്കളെ എത്രയും പെട്ടെന്ന് എനിക്ക് കാണേണ്ടതുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു കാര്യം താങ്കളോട് സംസാരിക്കേണ്ടതുണ്ട്.."

അലക്സി : " മിസ്റ്റർ ജോൺ എന്നെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ട ഒന്നാണ്. നമുക്ക് വൈകുന്നേരം മാത്രമേ കാണാൻ സാധിക്കുകയുള്ളൂ... താങ്കൾക്ക് സമ്മതമാണോ ??"

ഞാൻ സമ്മതിച്ചു.. ഫോൺ ഡിസ്കണക്ട് ആയി. 

വൈകുന്നേരം അലക്സിയെ കാണാൻ വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്തി.. അത്യാവശ്യം വേണ്ട രേഖകൾ എല്ലാം ബാഗിൽ വെച്ച ശേഷം ഞാൻ ഒരു റിക്ഷ പിടിച്ച് റെയിൽവേ സ്റ്റെഷനു മുൻപിൽ ചെന്നിറങ്ങി.. എന്നെ ആരോ പിന്തുടരുന്ന പോലെ പലപ്പോഴും എനിക്ക് തോന്നിയിരുന്നു. സമയം 4. 40 ആയി.  മലബാർ എക്സ്പ്രസ് വന്നു നിന്നു. ഞാൻ അവിടെയാകെ അയാളെ തിരഞ്ഞു... "ഹലോ മിസ്റ്റർ ജോൺ... ഒരുപാട് സമയമായോ താങ്കൾ എത്തിയിട്ട് ??" 

ഞാൻ ചോദ്യം കേട്ടു തിരിഞ്ഞു... 

അലക്സി.. 

ആൾ നല്ല വണ്ണം വെച്ചിട്ടുണ്ട്.. കോട്ടാണ്  വേഷം . മുഖത്ത് ഒരു കണ്ണട സ്ഥാനം പിടിച്ചിട്ടുണ്ട്. അതിന്റെ ഫ്രെയിം ഏതാണ്ട് ഒടിയാറായ അവസ്ഥയാണ്.. പുരികത്തിൽ പോലും രോമങ്ങൾ  നരച്ചു തുടങ്ങിയിരിക്കുന്നു. മുഖം ഷേവ് ചെയ്തു മിനുസമാക്കി വെച്ചിട്ടുണ്ട്. 

ഞാൻ അയാളെ സ്വീകരിച്ചു കയ്യിലെ പെട്ടി വാങ്ങി മാറ്റി തറയിൽ  വെച്ചു. അയാൾ വന്നെന്നെ കെട്ടിപിടിച്ചു.. അയാൾക്ക് നല്ല വിശപ്പുണ്ടെന്നു പറഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും കൂടി കാന്റീനിൽ കയറി.. ഞാൻ ഒരു ചായ മാത്രം ഓർഡർ ചെയ്തു. 

അയാൾ ചിക്കൻ കടിച്ചു വലിക്കുന്നതിനിടയിൽ കണ്ണാടിക്ക് മുകളിലൂടെ എന്നെ ഒന്ന് നോക്കി. 

" മിസ്റ്റർ ജോൺ,  താങ്കൾ എന്നെ വിളിച്ച് ഇത്രയും ദൂരം വെറുതെ വരുത്തില്ല എന്നെനിക്ക് നല്ല വ്യക്തമായി അറിയാവുന്ന കാര്യമാണ്. " 

ഞാൻ ചായ ഒരിറക്ക് കുടിച്ചു കൊണ്ട് അയാളെ തന്നെ ശ്രദ്ധിച്ചു... 

" അതെ അലക്സി എനിക്ക് പറയാനുള്ളത്‌ പള്ളിയിൽ നടന്ന കവർച്ചയും അതിനു ശേഷമുണ്ടായ അച്ചന്റെ തിരോധാനത്തെ കുറിച്ചുമാണ്. " 

അലക്സി എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. 

" പള്ളിയിൽ കവർച്ച നടന്നത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ആണ്. കവർച്ച നടന്ന ശേഷം റാഫെലച്ചനെ പിന്നാരും കണ്ടിട്ടില്ല,  പിന്നെ നടന്ന മീറ്റിംഗിൽ പള്ളി കമ്മിറ്റി അംഗങ്ങൾ അച്ചനെ പ്രതിയാക്കി തന്നെ പ്രസ്താവന നടത്തി. ആരും എതിർക്കാൻ ഇല്ലാത്തത് കൊണ്ട് ഞാൻ പിന്നെ  മിണ്ടാൻ പോയില്ല. "

അലക്സി ആഹാരം കഴിക്കുന്നത്‌ നിർത്തി എന്നിട്ട് ചോദിച്ചു 

" പള്ളിയിൽ നിന്ന് എന്തൊക്കെ സാധനങ്ങൾ കളവ് പോയി എന്ന് താങ്കൾക്ക് നിശ്ചയമുണ്ടോ ??"

ഞാൻ തുടർന്നു " അൽത്താരയിൽ ഉണ്ടായിരുന്ന സ്വർണ്ണ കുരിശ് ഉൾപ്പെടെ സ്വർണ്ണങ്ങൾ  എല്ലാം പോയി. ഭണ്ടാരങ്ങൾ മൂന്നും കുത്തി തുറന്നു.  പക്ഷെ അതിൽ നിന്നും ഒരു രൂപാ പോലും അവർ എടുത്തിട്ടില്ല. അച്ചന്റെ റൂമിൽ എല്ലാം വലിച്ചു വാരി ഇട്ടിരിക്കുകയായിരുന്നു. അലമാര പൊളിച്ചിട്ടുണ്ട്. അതിൽ ഉണ്ടായിരുന്ന 15000 രൂപയും അവർ എടുത്തിട്ടില്ല. "

അലക്സി : " ഈ അച്ചനെ പറ്റി താങ്കൾക്ക് എന്തെല്ലാം അറിയാം ??"

" ഈ ഇടവകയിൽ നിരവധി അച്ചന്മാരെ കണ്ടിട്ടുണ്ട്. പക്ഷെ റാഫെലച്ചൻ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി എല്ലാ വിഷയങ്ങളിലും ആഴത്തിൽ അറിവുള്ള ഒരാളായിരുന്നു പക്ഷെ അദ്ദേഹം  കഴിഞ്ഞ ഒരാഴ്ചയായി എന്തോ ഭയപ്പെട്ടിരുന്നു എന്ന് അദ്ദേഹത്തിന്റെ സംഭാഷണങ്ങളിൽ നിന്ന് ഞാൻ അനുമാനിക്കുന്നു. ഈ സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് കൃത്യമായി പറഞ്ഞാൽ ബുധനാഴ്ച രാവിലെ അച്ചനെന്നെ ഫോണിൽ വിളിച്ചു കാണണം എന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് തന്നെ വൈകുന്നേരം ഞാൻ അദ്ദേഹത്തെ വന്ന് കാണുകയും ചെയ്തു. അദ്ദേഹം ഒരു കടലാസ് എൻറെ കയ്യിൽ സൂക്ഷിക്കാൻ തരികയും അദ്ദേഹത്തിനു എന്തെങ്കിലും സംഭവിച്ചു പോയാൽ ആ കടലാസ് റോമിലെ തിരുസഭയിൽ എത്തിക്കാൻ വേണ്ട ഇടപാട് ചെയ്യണം എന്നും ഈ വിഷയം അതീവ രഹസ്യമായിരിക്കണം എന്നും സൂചിപ്പിച്ചു. ഞാൻ അന്ന് തന്നെ ആ കടലാസ് വീട്ടിലെ അലമാരയിൽ കൊണ്ട് വെച്ചു. വെക്കുന്നതിനു മുൻപ് അതെന്താണെന്ന് അറിയാൻ എനിക്കൊരു ആകാംഷ തോന്നി.. ഞാൻ കവറിൽ നിന്നും ആ കടലാസ് പുറത്തെടുത്തു. അതിൽ എഴുതിയിരുന്നത്‌ റോമൻ ലിപിയിൽ ആയിരുന്നതിനാൽ എനിക്ക് ഒന്നും തന്നെ  മനസ്സിലായില്ല. ഞാൻ പിന്നെ അതിനെകുറിച്ച് ശ്രദ്ധിക്കാൻ പോയതുമില്ല. വെള്ളിയാഴ്ച അച്ചനെ കാണാതായതു മുതൽ എനിക്ക് ആകെ ടെൻഷനായി. ഇതിലെന്തോ നിഗൂഡത ഉള്ളതു പോലെ തോന്നി. ഇന്ന് രാവിലെ മുതൽ എന്റെ കയ്യിൽ ഉണ്ടായിരുന്ന ആ കടലാസ് കാണാനും ഇല്ല. ഞാൻ എന്റെ വീട് മുഴുവൻ അരിച്ചു പെറുക്കി. അവിടെയെങ്ങും അങ്ങനൊരു കടലാസ് ഉണ്ടായിരുന്നില്ല. 

അലക്സി കഴിച്ചു കൊണ്ടിരുന്നത് മതിയാക്കി എഴുന്നേറ്റു കൈ കഴുകി.. ഞാൻ ചുറ്റും ശ്രദ്ധിക്കുകയായിരുന്നു ആരെങ്കിലും എന്നെ രഹസ്യമായി വീക്ഷിക്കുന്നുണ്ടോ എന്ന്... ഞാൻ ബിൽ പേ ചെയ്തിട്ട് അലക്സിയെ കൂട്ടി ഒരു റിക്ഷ പിടിച്ചു വീട്ടിലെത്തി. അലക്സി വീടിനു ചുറ്റും നടന്നു നോക്കി. ഞാൻ അപ്പോഴെക്കും പൂട്ടു തുറന്നു. 

" മിസ്റ്റർ ജോൺ നിങ്ങളുടെ കയ്യിൽ നിന്നും കടലാസ്  നഷ്ടപ്പെട്ടു എന്ന് പറഞ്ഞല്ലോ,  ഇന്ന് ബുധനാഴ്ച.. കൃത്യമായി പറഞ്ഞാൽ ആ കടലാസ് നിങ്ങളുടെ കയ്യിൽ എത്തിയിട്ട് ഒരാഴ്ച തികഞ്ഞിരിക്കുന്നു. ഈ 7 ദിവസങ്ങൾക്കിടയിൽ എന്നെങ്കിലും താങ്കൾ അത് കയ്യിലുണ്ട് എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ ?? 

ഞാൻ ഓർത്തു നോക്കി... 

"ഇല്ല അലക്സി... ഞാൻ അത് നഷ്ടപ്പെട്ടു എന്ന് തിരിച്ചറിയുന്നത് തന്നെ ഇന്ന് രാവിലെയാണ്"

അലക്സി : " അങ്ങനെയാണെങ്കിൽ താങ്കൾ ഈ വീട്ടിൽ ഉണ്ടായിരിക്കുന്ന സമയം ഏതൊക്കെ ആണെന്ന് ഏകദേശം കൃത്യമായി പറയാമോ ??"

" അങ്ങനെ നോക്കിയാൽ എല്ലാ ദിവസവും ജോലിക്ക് പോകുന്ന സമയം ഒഴിച്ച് ബാക്കിയുള്ള സമയങ്ങളിൽ ഞാൻ ഇവിടെ തന്നെ കാണും. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ രാവിലെ 8 മണിക്ക് ഇറങ്ങിയാൽ എല്ലാ ദിവസവും വൈകുന്നേരം 5 മണിയോടെ ഞാൻ ഇവിടെ എത്തിച്ചേരുകയാണ് പതിവ്. "

അലക്സി : " അപ്പൊ താങ്കളുടെ ഫാമിലി ??"

" അവരൊക്കെ നാട്ടിലാണ്, ഞാൻ അങ്ങോട്ട്‌ മാസത്തിൽ ഒരിക്കൽ മാത്രമേ പോകാറുള്ളൂ... നാലഞ്ച് ദിവസം നിന്നിട്ട് മടങ്ങി വരികയാണ് പതിവ് "

അലക്സി : "അതായത് കഴിഞ്ഞ 7 ദിവസവും താങ്കളുടെ ഈ വാടക വീട്ടിൽ താങ്കളുടെ പരിചയക്കാർ  മറ്റാരും തന്നെ കയറിയിട്ടില്ല.....!!!"

" തീർച്ചയായും ഇല്ല... "

അലക്സി : " ശരി അപ്പോൾ ഈ 7 ദിവസങ്ങളിൽ ഏതോ ഒരു ദിവസം രാവിലെ 8 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ  താങ്കളുടെ  വീട്ടിൽ ഒരാൾ അതിക്രമിച്ചു കടന്നിരിക്കുന്നു. എന്ന് മാത്രമല്ല,  രണ്ട് റൂമുകൾ പൂട്ടു തുറന്ന് അനായാസമായി അലമാരയും തുറന്ന് ആ കടലാസ് കൊണ്ട് പോയിരിക്കുന്നു....!!  രസം എന്താണെന്ന് വച്ചാൽ ആ ഒരു കാര്യം താങ്കൾക്ക് ഇന്നലെ വരെ മനസ്സിലായതെ ഇല്ല എന്നതാണ്.  ഒരു പൂട്ടിനും തകരാർ സംഭവിച്ചിട്ടില്ല എന്നത് തികച്ചും ആശ്ചര്യജനകമായ ഒരു വസ്തുതയാണ്. "

ഞാൻ നിർവികാരനായി അയാളെ നോക്കി... അലക്സി : " മിസ്റ്റർ ജോൺ... ഒരു കാര്യം വ്യക്തമാണ്,  നിങ്ങളുടെ കയ്യിൽ നിന്നും നഷ്ടപെട്ട ആ കടലാസ് വെറും ഒരു കടലാസ് അല്ല... അതിൽ എന്തോ വലിയൊരു രഹസ്യം മറഞ്ഞു  കിടപ്പുണ്ട്... അത് കണ്ടെത്തണമെങ്കിൽ ആ കടലാസ് തിരിച്ചു കിട്ടാതെ നിർവാഹമില്ല..  ഇല്ലെങ്കിൽ വാതിൽ തുറക്കാതെ ഈ വീടിനുള്ളിൽ പ്രവേശിക്കാൻ മറ്റൊരു വഴി കൂടി നമ്മൾ കണ്ടെത്തേണ്ടതുണ്ട്... "

അലക്സി വീട് മൊത്തം പരിശോധിച്ചു നോക്കി. അയാളുടെ മുഖത്ത് നിരാശ വ്യക്തമായി കാണാമായിരുന്നു. 

അലക്സി : " ജോൺ നമുക്ക് ഒരു റിക്ഷ പിടിച്ചു പള്ളിയിലെക്ക് പോകാം.. "

ഞാൻ തലയാട്ടി.. 

ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ ആ പള്ളി മുറ്റത്തെത്തി.

അലക്സി തന്റെ മൊബൈലിൽ പള്ളിയുടെ ചിത്രങ്ങൾ പകർത്തിക്കൊണ്ട് ചോദിച്ചു : 

" വിശ്വാസികൾ ഇപ്പോൾ വരാറില്ലേ ??"

" ഈ സംഭവത്തിനു ശേഷമുള്ള ഫോറൻസിക് പരിശോധന പൂർത്തിയായിട്ടില്ലാത്തത് കൊണ്ട് പോലീസ് അറിയിപ്പ് തരുന്നത് വരെ പള്ളി പ്രവർത്തിക്കാൻ പാടില്ല എന്നൊരു നിർദ്ദേശം പോലീസ് മുന്നോട്ട് വെച്ചിട്ടുണ്ട്"

ഞങ്ങൾ നടന്ന്‌ പള്ളിയുടെ പ്രധാന വാതിൽക്കൽ എത്തി. ഞങ്ങളെ കണ്ട ഉടൻ കാവൽ നിന്നിരുന്ന പോലീസ് ഓഫീസർ പള്ളിയിൽ നിന്നും ഇറങ്ങി വന്നു. ഞാൻ അലക്സിയെ ഓഫീസർക്ക് പരിചയപ്പെടുത്തി കൊടുത്തു. അയാൾ അൽത്താരക്ക് സമീപം ചെല്ലില്ല എന്ന ഉറപ്പിൻമേല് ഞങ്ങളെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചു. ഞങ്ങൾ ഉള്ളിലേക്ക് കടന്നു. 

അലക്സി അദ്‌ഭുതത്തോടെ പള്ളിയുടെ ഉൾവശം വീക്ഷിക്കുന്നത് കാണാമായിരുന്നു. 

മനോഹരമായ ആ ഹാളിൽ ലിയനാർഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴം വലിയൊരു ഫ്രയ്മിൽ വരച്ചു വെച്ചിരിക്കുന്നത്‌ കാണാമായിരുന്നു. യേശുദേവന്റെ കുരിശിൽ തറഞ്ഞ രൂപത്തിന് ഭയങ്കരമായ ഒറിജിനാലിറ്റി തോന്നി. ഞാൻ യേശുവിന്റെ ശരീരത്തിലെ മുറിവുകളെ അദ്‌ഭുതത്തോടെ നോക്കുകയായിരുന്നു. 

കുറച്ചു സമയത്തെ മൗനം ഭഞ്ജിച്ചു കൊണ്ട് അലക്സി പറഞ്ഞു :

" ഈ പള്ളി ഒരു ബ്രിട്ടീഷ് കര വിരുത്‌ ആണെന്ന് ഞാൻ ഉറപ്പ് പറയും. കല്ലുകൾ പാകിയ അതിന്റെ ചുവരുകളിൽ കഴ്സൺ പ്രഭുവിന്റെയും മൗണ്ട് ബാട്ടൻ പ്രഭുവിന്റെയും ഫോട്ടോസ് വെച്ചിരിക്കുന്നത്‌ എന്റെ ഉറപ്പിനെ സാധുകരിക്കുന്ന ഒന്നാണ്. അരണ്ട വെളിച്ചം മാത്രം ഉള്ളിൽ തങ്ങി നിൽക്കുന്ന രീതിയിലുള്ള പള്ളിയുടെ നിർമ്മാണം തികച്ചും അഭിനന്ദനം അർഹിക്കുന്നു. "

ഞാൻ യേശുവിന്റെ രൂപക്കൂട് ചൂണ്ടി കാട്ടിയിട്ട് പറഞ്ഞു ആ കാണുന്ന രൂപക്കൂടിനു മുകളിൽ നിന്നാണ് സ്വർണ്ണക്കുരിശ് നഷ്ടപ്പെട്ടത്‌. അയാൾ സൂക്ഷ്മതയോടെ എല്ലായിടവും നോക്കി കണ്ടു. എന്നിട്ട് എന്റെ നേരെ തിരിഞ്ഞിട്ട് ചോദിച്ചു :

"എവിടെയായിരുന്നു ജോൺ ആ ഭണ്ടാര പെട്ടികൾ വെച്ചിരുന്നത്‌.. ?"

ഞാൻ അവയുടെ ഓരോന്നിന്റെയും സ്ഥാനങ്ങൾ കാട്ടി കൊടുത്തു. അയാൾ അവിടെയെല്ലാം വിശദമായി പരിശോധിച്ചു. പള്ളിക്ക് പുറത്ത് വന്ന ശേഷം അയാൾ എന്നോട് പറഞ്ഞു :

" മിസ്റ്റർ ജോൺ നമ്മൾ കരുതിയ പോലെ ഈ പള്ളിയിൽ മോഷണം നടത്താൻ വേണ്ടിയല്ല അവർ കയറിയത്.. "

ഞാൻ ഒന്ന് ഞെട്ടി : " പിന്നെ "

"അവർക്ക് വേണ്ട ഒരു കടലാസ് റാഫെൽ അച്ചന്റെ കയ്യിൽ ഉണ്ടായിരുന്നു. അത്‌ അവർക്ക് വളരെയധികം പ്രാധാന്യമുളള എന്തോ ഒരു രേഖയാണ്. അച്ചനെ അവർ എങ്ങോട്ടോ തട്ടികൊണ്ട് പോയിരിക്കുന്നു. ആ രേഖകൾ അടങ്ങിയ കടലാസ് താങ്കളുടെ കയ്യിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച വിവരം  അച്ചൻ അവരോട് പറഞ്ഞു കഴിഞ്ഞു. ഒരു പക്ഷെ താങ്കൾ എത്രയും പെട്ടെന്ന് ആ കടലാസ് റോമിൽ കത്തോലിക്കാ സഭയിൽ എത്തിക്കും എന്ന ആഗ്രഹം റാഫെൽ അച്ചനുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അതായത് അവർ താങ്കളുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് ആ കടലാസ് സ്വന്തമാക്കിയിരിക്കുന്നു. ഒരു പക്ഷെ ഈ പള്ളിയെ സംബന്ധിച്ച എന്തോ പരമ രഹസ്യമാവണം ആ രേഖയിൽ.. "

ഞാൻ ശരിക്കും ഞെട്ടി... പിന്നെ ആശ്വസിച്ചു. അവർ വീട്ടിൽ നിന്നും ആ കടലാസ് കൈക്കലാക്കി എങ്കിൽ ഞാൻ അവരുടെ  കഥയിലെ കഥാപാത്രം ആകില്ലല്ലോ.. 

അപ്പോഴാണ് അലക്സി ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞത്.. 

: "പക്ഷെ  അച്ചനെ മരിച്ച നിലയിലോ അല്ലാതെയോ  നമുക്ക് കിട്ടിയിട്ടില്ല എന്നത് അർത്ഥമാക്കുന്നത് അവർക്ക് ആ കടലാസും കിട്ടിയിട്ടില്ല എന്നാണ്" 

ഞാൻ ആലോചിച്ചു... അപ്പോൾ പിന്നെ എൻറെ കൈവശം ഉണ്ടായിരുന്ന ആ കടലാസ് എങ്ങോട്ട് പോയി... 

അലക്സി : "നിങ്ങൾ പേടിക്കണ്ട ജോൺ... നമുക്ക് കുറേ കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്. നാളത്തേ പകൽ നമുക്ക് പ്രയോജനപ്പെടുത്തി നോക്കാം.. എന്തെങ്കിലും തെളിവ് നമ്മളെ തേടി വരും...  അതിലൂടെ ഇതിന്റെ പിന്നിലെ ആൾക്കാരും ലക്ഷ്യവും... തൽക്കാലം താങ്കൾ മനസമാധാനമായി ഒന്ന്‌ ഉറങ്ങിക്കോളു... " അല്ല താങ്കൾ പറഞ്ഞത് പോലെ ആണ് കാര്യങ്ങൾ എങ്കിൽ എന്തു കൊണ്ടാണ് പിന്നെ അവർ പള്ളിയിൽ നിന്ന് കുരിശ് മോഷ്ടിക്കുകയും നോട്ടിന്റെ രൂപത്തിലുള്ള പണം എടുക്കാതിരിക്കുകയും ചെയ്തത് ??" 

അലക്സി ചിരിച്ചു കൊണ്ട് പറഞ്ഞു : " " "ആദ്യ ശ്രമത്തിൽ അവരുടെ ഉദ്ദേശം പൂർണമായി നടന്നില്ല എങ്കിൽ അവർക്ക് ആ കടലാസിനു വേണ്ടി വീണ്ടും പള്ളിയിൽ വരേണ്ടതുണ്ട്.. അച്ചന്റെ അലമാരയിലും മേശയുടെ ഡ്രോയറിലും അവർ വിദഗ്ധ പരിശോധന നടത്തിയ ശേഷം അച്ചനെ അവർ അവിടെ നിന്നും തട്ടി കൊണ്ട് പോകുന്ന സമയം വരെയും അയാൾ താങ്കളുടെ പേര് പറഞ്ഞില്ല എങ്കിൽ അവരുടെ മനസ്സിലെ ചിന്ത ഇനിയും പള്ളിയിൽ ഒരിക്കൽ കൂടി വരേണ്ടി വരും എന്നാണ്. അത് കൊണ്ടാണ് അവർ പോലീസിനെ തെറ്റിധരിപ്പിക്കാൻ വേണ്ടി ഇത് വെറുമൊരു കവർച്ച ശ്രമം ആണെന്ന് തോന്നിക്കുന്ന വിധത്തിൽ അവർക്ക് എടുക്കാൻ പറ്റുമായിരുന്ന സ്വർണ്ണം മാത്രം എടുത്തു കൊണ്ട് പോയത്‌. ഭണ്ടാരങ്ങൾ  കുത്തി തുറന്നു എങ്കിലും അവർ ഒരു രൂപ പോലും എടുത്തില്ല എന്ന് നമുക്ക് അനുമാനിക്കാം.. അവരുടെ ഉദ്ദേശങ്ങൾ കേവലം ഒരു സ്വർണ്ണ കുരിശിനും ഒരുപാട്  മേലെയാണ് എന്ന് ഞാൻ കരുതുന്നു.  "

ഞാൻ ഒരു ദീർഘ നിശ്വാസം വിട്ടു.. 

" ഇതെല്ലാം താങ്കളുടെ ഊഹം മാത്രമാണെങ്കിലോ ? നമുക്ക് തെളിവ് ഒന്നും കിട്ടിയില്ലല്ലോ... !" 

അലക്സി ചിരിച്ചു.. 

" മിസ്റ്റർ ജോൺ ഇതൊന്നു സോൾവ്‌ ആകട്ടെ താങ്കൾക്ക് എത്ര തെളിവുകൾ വേണമെങ്കിലും ഞാൻ തരാം..ഇപ്പോൾ താങ്കൾ ഒന്നിനെ പറ്റിയും ചിന്തിക്കണ്ട അല്പം നന്നായി ഉറങ്ങുക മാത്രമാണ് താങ്കൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം  " 

രാത്രി പുറത്ത് നിന്ന് ഭക്ഷണം കഴിച്ചിട്ട് ഞങ്ങൾ വീട്ടിലേക്കു മടങ്ങി. അലക്സി അയാളുടെ കയ്യിലെ ബാഗ്‌ എടുത്ത്‌ തുറന്നു. അതിൽ നിന്നും ഒരു തോക്കു പുറത്തെടുത്തു.. അതിൽ തിരകൾ ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അയാൾ എന്നെ കണ്ടത്. 

അയാൾ പറഞ്ഞു : " മിസ്റ്റർ ജോൺ ഇന്നത്തെ രാത്രി താങ്കൾക്ക് ഞാൻ കാവലുണ്ട്.. താങ്കൾ ഒന്നും ആലോചിച്ചു ടെൻഷൻ അടിക്കേണ്ട കാര്യമില്ല. റൂം അടച്ചു കിടന്നുറങ്ങൂ... പുറത്ത് എന്ത് ശബ്ദം കേട്ടാലും താങ്കൾ വാതിൽ തുറക്കാൻ പാടില്ല.. ഒരു കാര്യം ഞാൻ ഉറപ്പ് തരാം അലക്സിയുടെ ശ്വാസം നിലക്കാതെ അവർക്ക് ഞാൻ താങ്കളെ വിട്ടു കൊടുക്കില്ല.. അതിന് മുൻപ് എനിക്ക് താങ്കളിൽ നിന്നും ഒരു പ്രധാന വസ്തുത അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.. താങ്കൾ അലമാരയിൽ വെച്ച ആ കടലാസിൽ റോമൻ ലിപിയിൽ എന്തോ എഴുതിയിട്ടുണ്ട് എന്ന് താങ്കൾ പറഞ്ഞത് ഓർമ്മയുണ്ടോ ?? "

ഞാൻ ഉണ്ട് എന്ന് തലയാട്ടി 

അലക്സി : " ശരി ആ അക്ഷരങ്ങൾ പേന  കൊണ്ട് എഴുതിയത് ആണോ അതോ കമ്പ്യൂട്ടറിൽ നിന്നും പ്രിന്റ്‌ ചെയ്തതാണോ ??? "

ഞാൻ ആലോചിച്ചു നോക്കി... ആ കടലാസ് ഓർത്തെടുക്കാൻ ശ്രമിച്ചു.. കുറേ റോമൻ അക്ഷരങ്ങൾ എന്റെ കണ്മുന്നിൽ കൂടി കടന്നു പോയി.. 

പെട്ടെന്ന് എനിക്ക് ഓർമ വന്നു.. 

" അലക്സി അത് പേന കൊണ്ട് എഴുതിയ കടലാസ് അല്ല. പേന കൊണ്ട് എഴുതിയ മറ്റൊരു കടലാസിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ആയിരുന്നു. "

അലക്സി : " ഫോട്ടോസ്റ്റാറ്റ് ആണെങ്കിൽ അത് ഒന്നുകിൽ അയാളുടെ കയ്യിൽ തന്നെയുള്ള ഒറിജിനലിന്റെ ഫോട്ടോ കോപ്പി തന്നെ  ആകാം.. അല്ലെങ്കിൽ അയാൾ പേപ്പറിൽ  എഴുതിയ ശേഷം  ക്യാമറയിൽ പകർത്തിയ ഒരു ഫോട്ടോയുടെ / ഏതെങ്കിലും സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയ്ത പേപ്പറിന്റെ  പ്രിന്റ്‌ ഔട്ട് തന്നെയാകാം.... ഇനി മറ്റൊരാൾ അയാൾക്ക് മെയിൽ ചെയ്ത ഫോട്ടോ ആണ് അയാൾ പ്രിന്റ്‌ ചെയ്ത ശേഷം കോപ്പി എടുത്തത്‌ എങ്കിലോ... അങ്ങനെയും സാധ്യതയില്ലേ... ? ഈ സാധ്യതകൾ നമ്മൾ നാളെ ഉപയോഗപ്പെടുത്തുന്നു.. അപ്പൊ ശരി മിസ്റ്റർ ജോൺ.. ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്... "

ഞാനും തിരിച്ചു ഗുഡ് നൈറ്റ്‌ പറഞ്ഞ ശേഷം പോയി കിടന്നു. ടെൻഷൻ കാരണം ഉറങ്ങാൻ തോന്നിയതെ ഇല്ല. വെറുമൊരു കടലാസ് കഷ്ണത്തിന് ഇത്രയും പ്രശ്നം സൃഷ്ടിക്കാൻ കഴിയുമോ... ? ഉറക്കം വരാതെ ഞാൻ ആ  കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു... ഉണർന്നപ്പോൾ മണി 7... രാവിലെ എപ്പോഴോ ഒന്ന് മയങ്ങി.. ഞാൻ പുറത്തേക്കിറങ്ങി.. അലക്സി ഷേവ് ചെയ്യുകയാണ്.. 

"ഗുഡ് മോർണിംഗ് മിസ്റ്റർ ജോൺ.. താങ്കളുടെ ഉറക്കം തീരെ ശരിയായില്ല എന്ന് തോന്നുന്നു.. നിങ്ങൾ എഴുന്നേൽക്കാൻ അല്പം വൈകിയത് കൊണ്ട് ഞാൻ അടുക്കളയിൽ കയറി ചായ ഇട്ടു." 

അയാൾ അടച്ചു വെച്ചിരുന്ന ചായ  കപ്പെടുത്ത്‌ എനിക്ക് നേരെ നീട്ടി... 

" താങ്കൾക്ക് ഒരു പക്ഷേ ഇഷ്ടമായെന്നു വരില്ല.. "

ഞാൻ ചായ ഒരിറക്ക് കുടിച്ചു.. അയാളെ അദ്‌ഭുതത്തോടെ നോക്കിയിട്ട് ഞാൻ പറഞ്ഞു 

" മിസ്റ്റർ അലക്സി,  ഇത്രയും രുചിയുള്ള ഒരു ചായ അടുത്തെങ്ങും ഞാൻ കുടിച്ചിട്ടില്ല.. "

അയാൾ ഷേവ് ചെയ്യുന്നതിനിടയിൽ ഏറു കണ്ണ് ഇട്ടെന്നെ നോക്കിയിട്ട് പറഞ്ഞു 

" ആഹാ നല്ല സുഖിപ്പിക്കൽ ആണല്ലോ രാവിലെ തന്നെ... അതൊക്കെ പോട്ടെ താങ്കളോട് ഇന്നലെ പ്രധാനപ്പെട്ട ഒരു കാര്യം ചോദിയ്ക്കാൻ വിട്ടു പോയി... നഷ്ടപ്പെട്ട ആ കടലാസ് താങ്കൾ വായിക്കാൻ ശ്രമിച്ചിരുന്നല്ലോ, അതിൽ റോമൻ ലിപി ആയിരുന്നു എന്നും താങ്കൾ സൂചിപ്പിരുന്നു. അതിൽ എന്തെങ്കിലും സംഖ്യകളോ മറ്റൊ ഉണ്ടായിരുന്നോ ?? അതല്ലെങ്കിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ ??" 

" ഞാൻ ആ വാക്കുകൾ ഓർത്ത് എടുക്കാൻ ഒന്ന് ശ്രമിച്ചു നോക്കി... അതേ അവസാന വരിയിൽ രണ്ട് ഇംഗ്ലീഷ് വാക്കുകൾ ഉണ്ടായിരുന്നു.. വാക്കുകൾ എന്ന് പറയാൻ സാധിക്കില്ല... 7 അക്ഷരങ്ങൾ വീതം ചേർത്ത്‌ വെച്ചിരുന്നു അവക്ക് ഇടയിൽ രണ്ട് ഫുൾ സ്റ്റൊപ്പും ഒരു കോമയും  ഉണ്ടായിരുന്നു.. "

അയാൾ ഷേവ് ചെയ്യുന്നത് നിർത്തി എന്റെ അടുത്തേക്ക് വന്നു.. മിസ്റ്റർ ജോൺ ആ അക്ഷരങ്ങൾ ഏതൊക്കെ ആണെന്ന് താങ്കൾക്ക് ഓർത്ത് എടുക്കാൻ സാധിച്ചാൽ നമുക്ക് താൽക്കാലികമായ എന്തെങ്കിലും ഒരു കൺക്ലൂഷനിൽ എത്തിപ്പെടാൻ സാധിച്ചെക്കും.. കമോൺ... ജോൺ... !"

ഞാൻ നന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു.. 

അയാൾ ഒരു പേനയും പേപ്പറും എടുത്തു കൊണ്ട് വന്നു... 

ഞാൻ ഓരോ അക്ഷരങ്ങൾ ഓർത്ത് പറഞ്ഞു... 

H.GGGICC, GF.HHAAHA

അയാൾ എല്ലാ ലെറ്ററും എഴുതി വെച്ച ശേഷം പേന കൊണ്ട് കുറേ വെട്ടലും തിരുത്തലും നടത്തി.. 

"ജോൺ ഇത് കൃത്യമാണെന്ന് താങ്കൾക്ക് ഉറപ്പുണ്ടോ ?? "

ഞാൻ പറഞ്ഞു " ഉറപ്പ് പറയാൻ സാധിക്കില്ല ഒന്നോ രണ്ടൊ അക്ഷരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറാൻ സാധ്യതകളുണ്ട് എന്നെ പറയാൻ സാധിക്കൂ... അക്ഷരങ്ങൾ ആവർത്തിച്ചു വന്നിരിക്കുന്നത്‌ കൊണ്ടാണ് ഇത്രയെങ്കിലും ഓർത്ത് പറയാൻ എനിക്ക് സാധിച്ചത്.. " 

അലക്സി : " ഒരു കാര്യം കൂടി... അക്ഷരങ്ങളുടെ എണ്ണം കൃത്യം തന്നെയല്ലേ.. ??"

" അതും എനിക്ക് ഉറപ്പ് പറയാൻ സാധിക്കുന്നില്ല.. "

അയാൾ വീണ്ടും ആ പേപ്പറിൽ 5 മിനിട്ടോളം  എന്തൊക്കെയോ എഴുതി നോക്കിയ ശേഷം ചാടി എണീറ്റു.. അയാൾ സന്തോഷം കൊണ്ട് തുള്ളി ചാടുന്നുണ്ടായിരുന്നു... 

" കിട്ടി കിട്ടി... ജോൺ ഇത് ഒരു ലൊക്കേഷന്റെ ലാറ്റിറ്റുഡും ലോഞ്ചിറ്റുഡും ആകാൻ ആണ് സാധ്യത.. അതുകൊണ്ടാണ് ഇടയ്ക്കു രണ്ട് ഡോട്ട് പിന്നെ ഒരു കോമയും വന്നിരിക്കുന്നത്‌. ഈ അക്ഷരങ്ങളെ A-1, B-2, C-3 എന്ന ക്രമത്തിൽ എഴുതിയാൽ 

8.777933,76.880071 എന്ന് കിട്ടും. ഇത് ഏതോ സ്ഥലത്തിന്റെ സൂചക സംഖ്യകളാണ്.. അയാൾ മൊബൈൽ ഇന്റർനെറ്റ്‌ കണക്റ്റ് ചെയ്തു. ഗൂഗിൾ മാപ്പ് എടുത്ത്‌ ഈ രണ്ട് സംഖ്യകൾ കോമയും ഡെസിമലും ഉൾപ്പെടെ  ടൈപ്പ് ചെയ്തു സെർച്ച് ചെയ്തു നോക്കി.. 

അയാൾ ആഹ്ലാദം കൊണ്ട് തുള്ളിചാടി... 

ഞാൻ ചോദിച്ചു : "ഞാൻ പറഞ്ഞ അക്ഷരങ്ങൾ തെറ്റാണെങ്കിലോ ?? "

അയാൾ പറഞ്ഞു : " ജോൺ നിങ്ങൾ അവസാനത്തെ അക്ഷരം മാത്രം തെറ്റിച്ചാൽ ഒന്നോ രണ്ടൊ മീറ്റർ വ്യത്യാസം മാത്രമേ ഉണ്ടാകൂ... ആദ്യ അക്ഷരം ആണ് തെറ്റിക്കുന്നത്‌ എങ്കിൽ കിലോമീറ്ററുകൾ മാറി സ്ഥലം തെറ്റായി മാത്രമേ കാണിക്കൂ... "

" അപ്പോൾ ആദ്യ അക്ഷരം ഞാൻ തെറ്റിച്ചു എങ്കിലോ ??"

അയാൾ മൊബൈൽ എന്റെ നേരെ കാണിച്ചിട്ട് ചോദിച്ചു : " എങ്കിൽ മിസ്റ്റർ ജോൺ, എങ്ങനെയാണ് കവർച്ച നടന്ന പള്ളിയുടെ തൊട്ടു പുറകിലെ ശ്മശാനം ഈ മാപ്പിൽ കാണിക്കുന്നത്‌ ??"

ഞാൻ അദ്‌ഭുതപ്പെട്ടു... അപ്പോൾ ഞാൻ ഓർത്തെടുത്ത അക്ഷരങ്ങൾ കൃത്യമാണ്.. എനിക്ക് ശരിക്കും സന്തോഷം തോന്നി. 

അലക്സി : " താങ്കളുടെ ഓർമ്മ ശക്തിയെ ഞാൻ അഭിനന്ദിക്കുന്നു ജോൺ..  !

അപ്പോൾ ഒരു കാര്യം വ്യക്തമായി കഴിഞ്ഞു അതീവ രഹസ്യമായി റാഫെൽ അച്ചൻ സൂക്ഷിച്ചു വെച്ച കടലാസിന് ഈ ശ്മശാനവുമായി എന്തോ നിഗൂഢമായ ബന്ധമുണ്ട്... കവർച്ച സംഘത്തിനു ഈ ഒരു വസ്തുത മനസ്സിലാക്കാൻ സാധിച്ചാൽ അപകടമാണ്. അതിന് മുന്നേ നമ്മൾ ആ രഹസ്യം കണ്ടെത്തിയേ പറ്റൂ.. "

ഞാൻ എന്തു പറയണം എന്നറിയാതെ അന്തം വിട്ടു നിൽക്കുകയായിരുന്നു.. 

അലക്സി : " നമുക്ക് ആ പള്ളിയിലെ പുതിയ വികാരിയോട് സംസാരിച്ചു നോക്കിയാൽ ശ്മശാനത്തെ പറ്റി എന്തെങ്കിലും ഒക്കെ കിട്ടാതിരിക്കില്ല... ബാക്കി വിവരങ്ങൾ ഗൂഗിളിൽ ഒന്ന് തപ്പി നോക്കാം... എന്തായാലും പെട്ടെന്ന് റെഡി ആകൂ ജോൺ... "

ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും റെഡി ആയി. ഒരു റിക്ഷ പിടിച്ചു... എതിർ വശത്ത് ഒരു ഓടി കാർ പാർക്ക് ചെയ്തിട്ടുണ്ട്.. ഞങ്ങൾ ഞങ്ങളുടെ വണ്ടിയിൽ യാത്ര തുടങ്ങി.. ഇടയ്ക്കു വെളിയിലേക്ക്‌ നോക്കിയപ്പോൾ ആ കാർ ഞങ്ങളുടെ തൊട്ടു പിന്നാലെ ഉണ്ടെന്നു മനസിലാക്കി. 

അലക്സി : " ജോൺ ഇപ്പോൾ നമ്മൾ അങ്ങോട്ട്‌ പോയാൽ നമ്മുടെ ജീവൻ അപകടത്തിൽ ചെന്ന് ചാടും..അതുകൊണ്ട് നമ്മൾ ഇവിടെ വെച്ച് രണ്ടായി പിരിയുന്നു. ജോൺ 3 ബസിൽ മാറി മാറി കയറണം. ഒടുവിൽ കയറുന്ന ബസിൽ തന്നെ ആരും പിന്തുടരുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം താങ്കൾക്ക് ലഞ്ച് കഴിക്കാം. അതിന് ശേഷം താങ്കൾ പാർക്കിനു സമീപമുളള ആ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ വരണം.." എന്തൊക്കെ ആയാലും ശരി കൃത്യം രണ്ടു മുപ്പതിന് ജോൺ ആ കെട്ടിടത്തിൽ എത്തിയിരിക്കണം.. " പറഞ്ഞു തീർന്ന ശേഷം അയാൾ ചാടി പുറത്തിറങ്ങി.. 

ഞാൻ അയാൾ പറഞ്ഞത് പ്രകാരം എല്ലാം ചെയ്തു. കൃത്യം 2. 30 നു തന്നെ ആ കെട്ടിടത്തിൽ എത്തിച്ചേർന്നു. തലേ ദിവസം പെയ്ത മഴയിൽ റൂഫിൽ കെട്ടി നിന്ന വെള്ളം പലയിടങ്ങളിലും തുള്ളി തുള്ളിയായി താഴേക്ക്‌ വീഴുന്നുണ്ടായിരുന്നു. റൂമുകൾ എല്ലാം തന്നെ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്നു. പെട്ടന്ന് ഒരാൾ എനിക്ക് പുറകിൽ നിൽക്കുന്നത്‌ പോലെ തോന്നി ഞാൻ ഞെട്ടി തിരിഞ്ഞു. ഒരു പടു കിളവൻ അയാൾക്ക്‌ നിൽക്കാൻ പോലും ആവതില്ല.. സ്ലാബിനു മുകളിൽ അയാളുടെ ഭാണ്ഡക്കെട്ട് വെച്ച് അതിനുള്ളിൽ നിന്നും എന്തോ എടുക്കാൻ ഉള്ള ശ്രമം ആണ്. അയാളുടെ മുഖം മറയത്തക്ക വിധം താടി വളർന്നിട്ടുണ്ട്.  ഞാൻ അയാളെ തന്നെ ശ്രദ്ധിച്ചു.. അയാൾ തിരിഞ്ഞ് എന്നെ നോക്കിയ ശേഷം അയാളുടെ കയ്യിൽ തടഞ്ഞ ബ്രെഡ്‌ വേണോ എന്ന് ചോദിച്ചു... ഞാൻ വേണ്ട എന്ന് തലയാട്ടി.. ഞാൻ അയാളെ സൂക്ഷിച്ചു നോക്കി...എവിടെയോ കണ്ട ഓർമ പോലെ...  അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു  "സൂക്ഷിച്ചു നോക്കണ്ട മിസ്റ്റർ ജോൺ... ഇത് താങ്കളുടെ പ്രിയ സുഹൃത്ത്‌ അലക്സി തന്നെയാണ്. "

അദ്‌ഭുതം കൊണ്ട് എനിക്ക് വീർപ്പു മുട്ടൽ അനുഭവപ്പെട്ടു. അയാളെ തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധം മുഖം  മാറിയിരിക്കുന്നു. അയാൾ കൈയിലിരുന്ന പൊതി എനിക്ക് നേരെ നീട്ടി.. അതിൽ നിറയെ മെയ്ക്ക് അപ്പ് സാധനങ്ങൾ ആയിരുന്നു. താടിയും മുടിയും ഒക്കെയായി കുറേ സാധനങ്ങൾ.. കുറച്ച് സമയം കൊണ്ട് അയാൾ തന്നെ എന്റെ രൂപം അപ്പടി മാറ്റി.. 

"മിസ്റ്റർ ജോൺ ഇപ്പോൾ താങ്കളെ സ്വന്തം മാതാപിതാക്കൾ പോലും തിരിച്ചറിയില്ല.. "

ഞങ്ങൾ കാൽ നടയായി പള്ളിയിൽ എത്തി... ഞാൻ ശ്മശാനത്തിലേക്ക്‌ ഒന്ന് നോക്കി. 

അലക്സി നല്ല തയാറെടുപ്പ് ചെയ്തിരുന്നു. പള്ളി വികാരിയോട് രഹസ്യമായി അദ്ദേഹം എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു. അലക്സി എന്നെ അങ്ങോട്ട് വിളിച്ചു. 

" ജോൺ നമുക്ക് റാഫെൽ അച്ചന്റെ റൂം പരിശോധിക്കണം... വികാരി അർദ്ധ സമ്മതം മൂളിയിട്ടുണ്ട്.. അയാൾ കൂടി നമ്മളൊടൊപ്പം വരും... ഒന്നും നശിപ്പിക്കാൻ പാടില്ല ഇതാണ് കണ്ടീഷൻ... "

എനിക്ക് സന്തോഷമായി.. എന്തെങ്കിലും തുമ്പ് ഇവിടെ നിന്ന് കിട്ടാതിരിക്കില്ല.. 

അലക്സി അച്ചന്റെ പുസ്തകങ്ങൾ വെച്ചിരിക്കുന്ന ഷെൽഫ് പരിശോധിക്കുകയാണ്.. പുസ്തകങ്ങളിൽ പലതും വാരി വലിച്ച് ഇട്ടിരിക്കുകയാണ്. ബൈബിൾ തന്നെ നിരവധി എണ്ണമുണ്ടായിരുന്നു. അലക്സി പുസ്തകങ്ങൾക്കിടയിൽ മുഴുവൻ ആ കടലാസിനെ സംബന്ധിച്ച് എന്തെങ്കിലും കിട്ടുമോ എന്ന് അരിച്ചു പെറുക്കി... ഒന്നും കിട്ടിയില്ല... അലക്സിയുടെ കണ്ണുകൾ അച്ചന്റെ ഡസ്ക്ടോപ്പ് കമ്പ്യൂട്ടറിൽ പതിഞ്ഞു.. കമ്പ്യൂട്ടർ സ്റ്റാർട്ട്‌ ചെയ്യുപ്പെട്ടു. ഭാഗ്യത്തിന് യൂസർ പാസ്സ്വേർഡ് സെറ്റ് ചെയ്തിരുന്നില്ല.  അലക്സി ആദ്യം നോക്കിയത് റീ സൈക്കിൾ ബിന്നിലാണ്.. അതിനുള്ളിൽ നിന്ന് ഒന്നും കിട്ടിയില്ല.. അടുത്തത് ബ്രൗസർ എടുത്തു.. അതിന്റെ ഹിസ്റ്ററി ചെക്ക്‌ ചെയ്തപ്പോൾ കൂടുതലും ബ്രിട്ടീഷ് റൂൾ കാലഘട്ടത്തെ കുറിച്ചുള്ള ഗൂഗിൾ സെർച്ചുകൾ കാണാൻ സാധിച്ചു... ആ പേജുകൾ ഓരോന്നായി അലക്സി റഫർ ചെയ്തു. ഒരു വെള്ള കടലാസിൽ എന്തൊക്കെയോ കുത്തി കുറിച്ച് വയ്ക്കുകയും ചെയ്തു. വികാരിയച്ചൻ ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കുകയാണ്. പിന്നെ ബ്രൗസർ  ഹിസ്റ്ററി പരിശോധിച്ചപ്പോൾ അച്ചന്റെ ജിമെയിൽ കൂടുതൽ ഉപയോഗിച്ചതായി കാണാൻ സാധിച്ചു..  പക്ഷേ ജിമെയിൽ പാസ്സ്‌വേർഡ്‌ ബ്രൗസറിൽ സേവ് ചെയ്തിരുന്നില്ല. അതിനാൽ അവയൊന്നും തന്നെ ഓപ്പൺ ചെയ്യാൻ സാധിച്ചില്ല. അലക്സി കൺട്രോൾ + d ടൈപ്പ് ചെയ്തു..പെട്ടെന്ന് ഒരു ടാബ് ഓപ്പൺ ആയി.  അയാൾ എന്നെ നോക്കിയിട്ട് പറഞ്ഞു.. നമ്മുടെ ബ്രൗസറിൽ എന്തൊക്കെ ഡൌൺലോഡ് ചെയ്തോ അവയുടെ എല്ലാ ഡീറ്റൈൽസും നമുക്ക് ഇവിടെ നിന്നും കിട്ടും.. അയാൾ ഡൌൺലോഡ് ചെയ്തിരുന്ന ഓരോ ഫയലുകൾ ഓപ്പൺ ചെയ്യാൻ ശ്രമിച്ചു.. അവയിൽ പലതും സ്ഥിരമായി ഡിലീറ്റ് ചെയ്തിരുന്നത് കൊണ്ട് ഓപ്പൺ ആയില്ല. എന്നാൽ ആ പള്ളിയുടെ പണ്ട് കാലത്തെ  ചിത്രങ്ങൾ പലതും ഓപ്പൺ ആയി. അവയൊക്കെ ഡിലിറ്റ് ചെയ്തവയായിരുന്നില്ല.. ആ ഫോട്ടോകൾ അലക്സി കുറേ നേരം സൂക്ഷിച്ചു നോക്കി.. അയാൾ  അവയുടെ ഭംഗി ആസ്വദിക്കുന്നത് പോലെ തോന്നി.. ഒടുവിൽ അയാൾ അവസാനത്തെ ഡൌൺലോഡഡ് ഫയലിന്റെ പേര് ശ്രദ്ധിച്ചു... " mystery breaks " അയാൾ അത് ഓപ്പൺ ചെയ്യാൻ ശ്രമിച്ചു.. അത് ഡിലീറ്റ് ആയ ഫയൽ ആയിരുന്നു. അതുകൊണ്ട് തന്നെ അത്  ഓപ്പൺ ആയില്ല.. അത് d ഡ്രൈവിൽ ആയിരുന്നു ഡിലീറ്റ് ആകുന്നതിനു മുൻപ് സേവ് ചെയ്തിരുന്നത്.

അലക്സി എന്നെ നോക്കിയിട്ട് പറഞ്ഞു

" മിസ്റ്റർ ജോൺ ഈ ഫയൽ ഒരു ഫോട്ടോ ആണ്. Jpeg ഫോർമാറ്റ്‌... ഈ ഫോട്ടോ റിക്കവർ ചെയ്‌താൽ നമുക്ക് ഈ കേസിലെ നിഗൂഢത ബ്രെക്ക് ചെയ്യാൻ സാധിക്കും എന്നെനിക്ക് തോന്നുന്നു. "

ഞാൻ ചോദിച്ചു പെർമനന്റ് ആയി ഡിലീറ്റ് ആയി പോയ ഒരു ഫയൽ നമുക്ക് റിക്കവർ ചെയ്യാൻ സാധിക്കുമോ അലക്സി ?? "

അലക്സി : "നമുക്ക് ഭാഗ്യമുണ്ടെങ്കിൽ സാധിക്കും ജോൺ "

അയാൾ ഒരു റിക്കവറി സോഫ്റ്റ്‌വെയർ നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തു. അതിന് ശേഷം d ഡ്രൈവിൽ ഡിലിറ്റ് ആയ എല്ലാ jpeg ഫയലുകളും റിക്കവർ ചെയ്തു. അധികം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അതിൽ "mystery breaks " എന്ന ഫോട്ടോ ഉണ്ടായിരുന്നു.. അയാൾ വിജയശ്രീ ലാളിതനായി എന്നെ നോക്കി ചിരിച്ചു. അയാൾ അത് ഓപ്പൺ ചെയ്തു... ഒരു നിമിഷം ഞങ്ങൾ ടെൻഷൻ അടിച്ചു.. എന്റെ സർവ്വ നാഡികളും വലിഞ്ഞു മുറുകി.. ആ ഫയൽ ഓപ്പൺ ആയി... ഒരു വെള്ളപ്പെപ്പർ സ്കാൻ ചെയ്ത ഫോട്ടോ ആയിരുന്നു അത്... അതിൽ എന്തൊക്കെയോ റോമൻ ലിപിയിൽ എഴുതിയിട്ടുണ്ട്.. എന്നാൽ  അതിന്റെ എല്ലാ അക്ഷരങ്ങളും റോമൻ ലിപി തന്നെ ആയിരുന്നു.. 

ഞാൻ അലക്സിയെ നോക്കി..." ഞാൻ കാണുമ്പോൾ ഇതിൽ അവസാനത്തെ വരിയിൽ  ഇംഗ്ലീഷ് അക്ഷരങ്ങൾ ഉണ്ടായിരുന്നു എന്ന് ഉറപ്പാണ് അലക്സി... പക്ഷേ ഇതില് അത് കാണുന്നില്ല... !!!! "

അലക്സി ചിരിച്ചു... 

"മിസ്റ്റർ ജോൺ... താങ്കൾ കരുതുന്നത്‌ പോലെ താങ്കളുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ട കടലാസല്ല ഇത്... ഈ കടലാസ് അല്ല അത്... രണ്ടും രണ്ടാണ്.. രണ്ടിലും റോമൻ ലിപി  ആയത് കൊണ്ടാണ് താങ്കൾക്ക് രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാതെ പോയത്‌... "

ഞാൻ അതിലേക്കു സൂക്ഷിച്ചു നോക്കി... അതേ അയാൾ പറഞ്ഞത് ശരിയാണ്...എനിക്ക് സ്വയം പുച്ഛം തോന്നിപ്പോയി.. 

പിന്നെ അയാൾ വേറെ കുറേ ഫയലുകൾ കൂടി ചെക്ക്‌ ചെയ്തു നോക്കിയിട്ട് ഇറങ്ങാൻ തിരക്ക് കൂട്ടി.. വികാരിയോട് നന്ദി പറഞ്ഞിട്ടു ഞങ്ങൾ പുറത്തേക്ക് നടന്നു.. 

പെട്ടെന്ന് അലക്സി ഒന്നു നിന്നു... അയാൾ പുറകിലേക്ക് തിരിഞ്ഞു സസൂക്ഷ്മം നോക്കി.. ഞാൻ അയാളോട് രഹസ്യമായി എന്താണ് എന്ന് ചോദിച്ചു... അയാൾ ഒന്നും മിണ്ടാതെ അല്പം പുറകിലോട്ട് ഓടി നോക്കി...എന്നിട്ട് തിരിച്ചു വന്നു. 

" മിസ്റ്റർ ജോൺ ആരോ നമ്മുടെ പുറകെ തന്നെയുണ്ട്.. ഒരുപക്ഷെ അയാൾ നമ്മളെ തിരിച്ചറിഞ്ഞിരിക്കാം.. എത്രയും പെട്ടന്ന് നമുക്ക് ഇവിടം വിടണം..." അയാൾ എന്റെ കൈ പിടിച്ചു കൊണ്ട് ഓടി... 

ഞങ്ങൾ കുറെ ദൂരം ഇടവഴികളിലൂടെ  ഓടി... രണ്ട് പേരും താടിയും മുടിയും എല്ലാം വലിച്ചെറിഞ്ഞു... വേറാരും പുറകിൽ ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ഞങ്ങൾ ഒരു റിക്ഷയിൽ കയറി,  തൊട്ടടുത്ത ലോഡ്ജിലേക്ക് വെച്ച് പിടിച്ചു. അവിടെയെത്തി റൂമിലേക്ക്‌ നടന്നപ്പോൾ ഞാൻ അലക്സിയോട് റൂം എടുക്കണ്ടേ എന്ന് ചോദിച്ചു... 

അലക്സി : " ജോൺ റൂം ഇന്ന് രാവിലെ തന്നെ ഞാൻ ബുക്ക്‌ ചെയ്തിരുന്നു. മാത്രമല്ല നമ്മുടെ കുറച്ചു വസ്ത്രങ്ങൾ അവശ്യ സാധനങ്ങൾ എന്നിവ ഇവടെ എത്തിച്ചിട്ടുമുണ്ട്. ഇന്ന് വൈകിട്ട് വരെ നമ്മൾ ഇവിടെയാണ്‌ തങ്ങുക. അതിന് ശേഷം രാത്രി നമ്മൾ താങ്കളുടെ വീട്ടിലേക്കു മടങ്ങും.  "

ഞാൻ ഞെട്ടി :" എന്റെ വീട്ടിലേക്കോ... !! അപ്പോൾ അവർ നമ്മളെ ഉപദ്രവിച്ചാൽ ?? "

അലക്സി : "ഞാനല്ലേ താങ്കളുടെ കൂടെയുള്ളത്... നമുക്ക് പരമാവധി ചെറുക്കാം... "

എനിക്ക് ശരിക്കും ഭയമുണ്ടായിരുന്നു.. ഞാൻ ആകെ ടെൻഷനിലായി... അലക്സി അയാളുടെ ഭാണ്ഡക്കെട്ടിൽ നിന്നും ഒരു ചെറിയ ബ്രാണ്ടിക്കുപ്പി എടുത്ത്‌ രണ്ട് പെഗ്ഗ് ഒഴിച്ചു.. ഒന്നെടുത്തു എനിക്ക് നേരെ നീട്ടി. 

"ജോൺ ഇന്നത്തെ ദിവസം നമ്മളൊരു സാഹസത്തിന് ഒരുങ്ങുകയാണ്. ഞാൻ അല്പം കാര്യങ്ങൾ പ്ലാൻ ചെയ്യട്ടെ എന്നിട്ട് താങ്കളോട് പറയാം ... " ഞാൻ പുറത്തേക്ക് പോയി ആഹാരം വാങ്ങിക്കൊണ്ട് വന്നു..അലക്സി അപ്പോഴും ഒരു പേപ്പറിൽ എന്തൊക്കെയോ എഴുതുകയും വെട്ടുകയും തിരുത്തുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു..  ഭക്ഷണം കഴിച്ച ശേഷം വൈകുന്നേരം ആയപ്പോഴേക്കും ഞാൻ ഒന്ന് മയങ്ങി. ഉണർന്ന്‌ എണീറ്റപ്പോൾ കണ്ടത് എന്നെ തുറിച്ചു നോക്കി ഇരിക്കുന്ന അലക്സിയെ ആണ്. ഞാൻ അന്തം വിട്ടു... ഇയാൾ ഇങ്ങനെ എന്നെ നോക്കുന്നത്‌ എന്തിനാണ്....! നോട്ടം അല്പം പോലും മാറ്റാതെ അയാൾ പറഞ്ഞു : " ഗുഡ് ഈവനിംഗ് മിസ്റ്റർ ജോൺ... ഞാനും ഒന്ന് മയങ്ങുകയായിരുന്നു.. ഇപ്പൊ ശരിക്കും ഞാൻ ഞെട്ടി... കണ്ണ് തുറന്നു വെച്ച് മയങ്ങുന്ന ഒരാളെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.. 

അലക്സി : " മിസ്റ്റർ ജോൺ ഇപ്പോൾ  താങ്കൾ ഒരു പക്ഷേ എന്റെ ഉറക്കത്തെ  കുറിച്ചായിരിക്കും ചിന്തിക്കുക... (ചിരിക്കുന്നു ) ഉറക്കം രണ്ട് വിധം ഉണ്ട്.  ഒന്ന് താങ്കൾ ഉറങ്ങിയ പോലെ... രണ്ട് ഞാൻ ഉറങ്ങിയത് പോലെ.. പക്ഷേ ഈ ഉറക്കം ശീലിക്കുക അത്ര എളുപ്പമുളള കാര്യമല്ല... കണ്ണ് തുറന്നു വെച്ച് ഉറങ്ങുന്ന അവസ്ഥയിൽ നമുക്ക് ചുറ്റുപാടുകൾ നമുക്ക് ഉപബോധ മനസ്സിൽ കാണാൻ സാധിക്കും.. ഒരു അനക്കം സംഭവിച്ചാൽ കൂടി നമ്മുടെ മനസ്സ് നമ്മളെ വിളിച്ചുണർത്തും.. യോഗ കൂടി പ്രാക്ടീസ് ചെയ്‌താൽ ഇത് ശീലിക്കാൻ വളരെ എളുപ്പമാണ്.. അതൊക്കെ പോട്ടെ നമുക്ക് വിഷയത്തിലേക്ക്‌ വരാം... റാഫെലച്ചൻ  ഗൂഗിളിൽ സേർച്ച്‌   ചെയ്തിരിക്കുന്ന എല്ലാ പേജുകളിലെയും കണ്ടന്റ് ഒന്ന് തന്നെയാണ്. സെന്റ്‌ തോമസ്‌ പള്ളിയുടെ പാസ്റ്റ്.. ഏതൊക്കെ അച്ചന്മാർ ഇവിടെ ഉണ്ടായിരുന്നു ആരൊക്കെയാണ് അവരിൽ ജീവനോടെ ഉള്ളവർ അങ്ങനെയങ്ങനെ  നിരവധി അന്വേഷണങ്ങൾ... അയാൾക്ക് മനസിലായ കാര്യങ്ങളിൽ പ്രധാനപ്പെട്ടത്‌ ഞാൻ വിശദമായി  താങ്കളോട് പറയാം.. 

ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിച്ച ഈ പള്ളിയുടെ ചാർജ് അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആയിരുന്ന ഒരു  റിച്ചാർഡ്സൺ ആയിരുന്നു. അയാൾക്ക്‌ മറ്റൊരു ചാർജ് കൂടി ബ്രിട്ടീഷ് ഗവണ്മെന്റ് നൽകിയിരുന്നു.. അത് ഇന്ത്യയിൽ നിന്നും അവർക്ക് ലഭിച്ച പുരാ വസ്തുക്കളുടെ കൂട്ടത്തിൽ വില പിടിച്ച സാധനങ്ങൾ തിരിച്ചു ബ്രിട്ടണിൽ എത്തിക്കുക എന്നതായിരുന്നു. 1942 ഒക്ടോബർ 24 ആം തീയതി അയാളുടെ ഉത്തരവാദിത്തത്തിൽ  കൊച്ചിയിൽ നിന്നും കൊണ്ട് പോകേണ്ടിയിരുന്ന ചരക്കുകളുടെ കൂട്ടത്തിൽ ഒരു ശവപ്പെട്ടിയും ഉണ്ടായിരുന്നു. ഇവിടെ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട ഒരു ബസിൽ ആണ് ഈ ശവപ്പെട്ടി ഉണ്ടായിരുന്നത്‌. എല്ലാ സാധനങ്ങളും പരിശോധിച്ച് എന്താണെന്ന് ഉറപ്പു വരുത്തുക  റിച്ചാർഡ്സന്റെ പതിവാണ്. ഈ ഒരു ശവപ്പെട്ടിയിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അയാൾ കൂടെ ആരും ഇല്ലാത്ത സാഹചര്യത്തിൽ ഒരു പക്ഷേ ആ പെട്ടി വീണ്ടും  പരിശോധിച്ചു കാണണം.. ആ വണ്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവറെ കബളിപ്പിച്ച്‌ അയാൾ ആ പെട്ടിയുമായി കടന്നു കളഞ്ഞു. എന്നാൽ ആരോ അയാളെ ഒറ്റുകയും ബ്രിട്ടീഷ് ഗവണ്മെന്റിനെ വഞ്ചിച്ച കുറ്റത്തിന് അയാളെ അന്ന് വധശിക്ഷക്ക് വിധിക്കുകയും വിധി പ്രകാരം നവംബർ 20 നു അയാളെ തൂക്കി കൊല്ലുകയും ചെയ്തു. വിധി നടപ്പിലാക്കുന്നതിനു മുൻപ് അയാൾ തന്റെ മക്കളെ കാണാൻ അനുമതി ചോദിച്ചിരുന്നു. അവർ ഇംഗ്ലണ്ടിൽ നിന്നും ഇവിടെയെത്തി ജയിലിൽ വെച്ച് അയാളെ കണ്ടു. ബ്രിട്ടീഷ് പോലീസ് നിയോഗിച്ച ചാരൻ അവരെ സസൂക്ഷ്മം നിരീക്ഷിച്ചു.. അയാൾ അവരോട് റോമൻ ഭാഷയിൽ എന്തോ മന്ത്രിച്ചു. അത് എന്താണെന്ന് മറ്റാർക്കും കേൾക്കാൻ സാധിച്ചില്ല.. അയാളുടെ മരണം വരെ അവർ ബ്രിട്ടീഷ് ഗസ്റ്റ് ഹൗസിൽ താമസിച്ചു. അതിന് ശേഷം അവർ തിരിച്ച് ഇംഗ്ലണ്ടിലേക്ക്‌ മടങ്ങി. കൃത്യം രണ്ടാഴ്ച തികയുന്ന ദിവസം ഹെഡിങ്ലിക്ക് സമീപമുളള ഒരു ഹോട്ടലിൽ വെച്ച് അവർ രണ്ട് പേരും വെടിയേറ്റ് മരിച്ചു.. വിവാഹം കഴിഞ്ഞില്ലാത്തതിനാൽ അവരുടെ അനന്തരാവകാശികൾ ആരും തന്നെ ഉണ്ടായിരുന്നില്ല.. മറ്റാർക്കും ആ ശവപ്പെട്ടിയെ സംബന്ധിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല താനും.. ഇത്രയും വിവരങ്ങൾ ആണ് റാഫെൽ അച്ചൻ ഇന്റർനെറ്റ് ഉപയോഗിച്ച് മനസ്സിലാക്കിയിരിക്കുന്നത്.. അയാൾ ബ്രൗസ് ചെയ്തു  റിച്ചാർഡ്സണേ കുറിച്ച്  അന്വേഷണങ്ങൾ നടത്തിയ തീയതി കഴിഞ്ഞ മാസം 12 ആണ്. അതിന് ശേഷം 

റാഫെൽ അച്ചൻ റിച്ചാർഡ്സന്റെ സഹോദരി പുത്രൻ ആയ ക്ലിന്റണെ കോൺടാക്ട് ചെയ്തു. അയാൾ റോമിലെ ഒരു പള്ളിയിൽ പ്രീസ്റ്റ് ആണ്.. ആയാളുടെ കുടുംബവും റോമിൽ തന്നെയാണ് താമസം. അച്ചനു റോമൻ ഭാഷ എഴുതാനും വായിക്കാനും  വ്യക്തമായി അറിയാവുന്നതിനാൽ തന്നെ അവർ തമ്മിൽ ആശയ വിനിമയം നടന്നിട്ടുണ്ടാകണം. അയാളുടെ സഹായത്തോടെ ഒരു പക്ഷേ അച്ചൻ മനസ്സിലാക്കിയിട്ടുണ്ടാകും എന്താണ് ആ ശവപ്പെട്ടിയിൽ ഉള്ളതെന്ന്‌.. അതിന് ശേഷം അയാളെ ആക്രമിച്ചു തട്ടി കൊണ്ട് പോയവർ ആരാണ് എന്ന് കൂടി മനസ്സിലാക്കിയാൽ മാത്രമേ നമുക്കിനി മുന്നോട്ട് പോകാൻ സാധിക്കൂ... "

ഞാൻ അദ്‌ഭുതത്തോടെ അലക്സിയുടെ വാക്കുകൾ ശ്രവിച്ചു കൊണ്ടിരുന്നു... 

"മിസ്റ്റർ ജോൺ ഇതൊരു വലിയ കളിയാണ്. ശത്രുക്കളെ കുറിച്ച് ഇനിയും വ്യക്തമായ രൂപം നമുക്ക് ലഭിക്കാത്ത സാഹചര്യം ആയതിനാൽ താങ്കൾക്ക് അപകടം വരാതെ ശ്രദ്ധിക്കുക എന്നതും അച്ചനെ അവരുടെ കയ്യിൽ നിന്നും മോചിപ്പിക്കുക എന്നതും ഈ ഗെയിമിൽ നമ്മുടെ ജയത്തെ സാധൂകരിക്കുന്ന ഘടകങ്ങൾ  ആവേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അവരുടെ വിവരങ്ങൾ നമ്മൾ മനസിലാക്കേണ്ടത് അത്യന്താപേക്ഷിതവുമാണ്.. പള്ളിയിൽ വന്ന് അച്ചനെ തട്ടിക്കൊണ്ട് പോകാൻ അവർ നേരത്തെ തന്നെ പ്ലാൻ ചെയ്തിരുന്നു എന്ന് നമുക്ക് അനുമാനിക്കാം. മോഷണം നടന്ന സമയം താങ്കൾക്ക് അറിയാമോ ??"

" രാത്രി 2 മണിയോടെ ആണെന്നാണ് പോലീസ് കണ്ടെത്തിയ വിവരം " 

അലക്സി :" ഏറ്റവും കൂടുതൽ മോഷണം ലോകത്ത് നടക്കുന്നത്‌ 2 മണി മുതൽ 3 മണി വരെയുള്ള സമയത്താണ്‌. അങ്ങനെ തന്നെ ആയിരിക്കും ഈ കേസിലും എന്ന് നമുക്ക് ഊഹിക്കാം.. അച്ചൻ സ്ഥിരമായി കിടന്നുറങ്ങുന്നത് പള്ളിയോട് ചേർന്നുള്ള ആ ചാപ്പലിൽ ആണെന്ന് ഞാൻ കരുതുന്നു..? "

" അതേ ചാപ്പലിൽ തന്നെ... പക്ഷേ താങ്കൾക്ക് എങ്ങനെ മനസിലായി? "

അലക്സി : "നേരത്തെ പള്ളിയിൽ പോയപ്പോൾ ചാപ്പലിൽ ഒരു മുറി കൂടി ഉണ്ടെന്നു തോന്നി.. ഞാൻ അങ്ങോട്ട് ഒന്ന് എത്തി നോക്കിയപ്പോൾ അതിനകത്തെ കട്ടിലിൽ  തലയിണയുടെ ഒരു വശത്തായി ഒരു കൊന്തയും ഒരു ഇൻഹെലറും കണ്ടു പിന്നെ ആ റൂമിനു വെളിയിൽ അച്ചന്റെ ലോഹ ഉണങ്ങാൻ ഇട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു.. 

അന്ന് രാത്രിയിൽ ചാപ്പലിൽ അതിക്രമിച്ചു കടന്നവർ വാതിൽ തള്ളിയപ്പോൾ അകത്തുള്ള കുറ്റി പൊളിയുകയും കിടന്നുറങ്ങുകയായിരുന്ന അച്ചനെ കീഴ്പ്പെടുത്തി വായിൽ തുണി തിരുകി വെയ്ക്കുകയും ചെയ്തിട്ടുണ്ടാകാണം. അതുകൊണ്ടാണ് അച്ചന്റെ നിലവിളി പോലും പള്ളിയിലെ ബാക്കിയുള്ള അന്തേവാസികളോ തൊട്ടു മുകളിൽ താമസിക്കുന്ന കപ്യാരോ  കേൾക്കാതിരുന്നത്‌. "

ഞാൻ ഇടയ്ക്കു കയറി : " അച്ചനെ ബോധം കെടുത്തിയതും ആകാമല്ലോ... ?"

അലക്സി : " ജോൺ, അത്രയും നേരം ഉറങ്ങി കിടന്ന അച്ചനെ അവർ ബന്ദിയാക്കി വെച്ചത് വീണ്ടും ഉറക്കാൻ അല്ല.. അവർക്ക് അച്ചന്റെ കയ്യിൽ നിന്നും ഒരു കടലാസ് കിട്ടേണ്ടതുണ്ട്.. അത് അപ്പോൾ തന്നെ കിട്ടുകയും വേണം താനും. അവർക്ക് അത് കിട്ടാത്തിടത്തോളം അപ്പോൾ അച്ചൻ ഉണർന്നിരിക്കുക നിർബന്ധമുളള കാര്യം തന്നെയാണ്. അച്ചൻ പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും  വഴങ്ങാത്ത ഒരവസ്ഥ വന്നു എങ്കിൽ  അവർ സ്വയം  സമ്മർദ്ദത്തിൽ ആകുകയും ചെയ്തിരിക്കും.. പിന്നെ അവർക്കു മുന്നിലുള്ള ഒരേയൊരു വഴി അവിടമാകെ പരിശോധിക്കുക എന്നതാണ്. അച്ചനെ ചാപ്പലിൽ ബന്ധിച്ച് ഇരുത്തിയ ശേഷം അവർ പള്ളിയിൽ പരിശോധന നടത്തി.. അച്ചൻ ആ കടലാസ് ഒളിച്ചു വെക്കാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും അവർ അന്ന് പരിശോധിച്ചു നോക്കി.. അവർക്ക് ആ കടലാസ് മാത്രം ലഭിച്ചില്ല. ലഭിച്ചിരുന്നു എങ്കിൽ അവർ താങ്കളുടെ പിന്നാലെ വരേണ്ട കാര്യമില്ല.. ഒടുവിൽ അവർ അച്ചനെ കൊണ്ട് പോകാൻ തീരുമാനമെടുത്തു.. മോഷണം ആണ് അവരുടെ ഉദ്ദേശം എന്നു പോലീസിനെ ധരിപ്പിക്കാൻ വേണ്ടി സ്വർണ്ണ കുരിശും മറ്റു ചില വില പിടിപ്പുള്ള സ്വർണ്ണങ്ങളും അവർ കൊണ്ട് പോയി. ഇത്രയും കാര്യങ്ങൾ ആണ് അന്ന് രാത്രി സംഭവിച്ചത്‌ എന്നാണ് എന്റെ ഊഹം...  ഈ സമീപ പ്രദേശങ്ങളിലെവിടെയോ അവർ അച്ചനെ തടവിൽ സൂക്ഷിക്കുന്നുണ്ട്. അവരുടെ ചോദ്യം ചെയ്യലിൽ എപ്പോഴോ അച്ചനു  താങ്കളുടെ പേര് പറയേണ്ടി വന്നു. പക്ഷേ ഒരു കാര്യം ഉറപ്പ് ആ കടലാസ് താങ്കളുടെ കയ്യിൽ ഉണ്ടെന്നു മാത്രമേ അച്ചൻ പറഞ്ഞിട്ടുള്ളൂ അതിലെ ഉള്ളടക്കം എന്താണെന്ന് അച്ചൻ അവർക്ക് ഒരു സൂചനയും നൽകിയിട്ടില്ല എന്ന് മാത്രമല്ല താങ്കൾ ആ കടലാസ് റോമിലെ തിരുസഭയിൽ എത്തിച്ചു കാണും എന്ന് സ്വയം ആശ്വസിക്കുകയും ചെയ്യുന്നു. "

എന്റെ മുഖം കുനിഞ്ഞു പോയി.. 

അലക്സി :" സാരമില്ല ജോൺ... നമ്മുടെ തെറ്റ് കൊണ്ടല്ലല്ലോ അത് നഷ്ടപ്പെട്ടത്‌....

പക്ഷേ  താങ്കളുടെ കയ്യിലെ ആ കടലാസ് അവർ കൊണ്ട് പോയിട്ടും എന്ത് കൊണ്ടായിരിക്കും വീണ്ടും  അവർ നമ്മളുടെ പിറകെ വരുന്നത് എന്ന് മനസ്സിലായോ താങ്കൾക്ക് ?? 

ഞാൻ ഇല്ലെന്നു തലയാട്ടി.. 

അലക്സി : " ഒന്നുകിൽ അവർക്ക് അതിലെ സന്ദേശം ഡീകോഡ്‌ ചെയ്യാൻ സാധിച്ചില്ല. അല്ലെങ്കിൽ ആ കടലാസിൽ അവർക്ക് വേണ്ട എന്തോ ഒരു രഹസ്യം കിട്ടിയിട്ടില്ല...അതൊരു പക്ഷേ നമ്മൾ ഇന്ന് അച്ചന്റെ കമ്പ്യൂട്ടറിൽ നിന്നും കണ്ടെത്തിയ റോമൻ ഭാഷയിലുള്ള  ആ ഫോട്ടോയിൽ ആയിരിക്കാം ഉള്ളത്. "

ഞാൻ ചോദിച്ചു : " അപ്പോൾ ആ ഫോട്ടോയും എന്റെ കയ്യിൽ അച്ചനേൽപ്പിച്ച ആ കടലാസും നോക്കിയാൽ ഒന്ന് മറ്റേതിന്റെ മറുപടി ആണെങ്കിലോ ??"

അലക്സി ചിരിച്ചു കൊണ്ട് : "താങ്കൾ പറഞ്ഞത് 100% സത്യമാണ്,  താങ്കളുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട  ഫോട്ടോസ്റ്റാറ്റ് കോപ്പി നമ്മൾ ഇന്ന് അച്ചന്റെ കമ്പ്യൂട്ടറിൽ നിന്നും എടുത്ത ഫോട്ടോയിൽ കാണുന്ന കത്തിന്റെ മറുപടി ആണ്. ഒരു പക്ഷേ ക്ലിന്റൻ അച്ചന് അയച്ചു കൊടുത്തതാകാം നമുക്ക് ഇന്ന് കിട്ടിയ കത്തിന്റെ ഫോട്ടോ ഇമേജ്. അതായത് അച്ചൻ താങ്കളുടെ കയ്യിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച കോപ്പി റോമിലെ  ക്ലിന്റണ് അച്ചൻ അയക്കേണ്ടിയിരുന്ന മറുപടി  ആണ്. പക്ഷേ അച്ചൻ അത് അയാൾക്ക്‌ അയക്കാതെ ഇത്രയും നാൾ കയ്യിൽ സൂക്ഷിച്ചു എങ്കിൽ അതിനർത്ഥം ക്ലിന്റൺ അവരുടെ കസ്റ്റഡിയിൽ ആവുകയോ മറ്റൊ ചെയ്തോ എന്ന അച്ചന്റെ ഭയമാണ്. താങ്കളുടെ കയ്യിൽ ഏൽപ്പിച്ചത്‌ തന്നെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പിയല്ലേ, അതിനർത്ഥം  അച്ചൻ അതിന്റെ ഒറിജിനൽ ആ പള്ളിയിൽ ആരും ശ്രദ്ധിക്കാത്ത ഒരു സ്ഥലത്ത് പരമ രഹസ്യമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്നല്ലേ... ??  അവർ അന്ന് രാത്രി കിണഞ്ഞു പരിശ്രമിച്ചു നോക്കിയിട്ടും അതവരുടെ കയ്യിൽ പെട്ടിട്ടില്ല. ഇനി ഒരു കാര്യം കൂടി പറയാം.. പണ്ടത്തെ  ആ ശവപ്പെട്ടി തന്നെയാകണം  അവരുടെ ലക്‌ഷ്യം.. അത്കൊണ്ട്  തന്നെയാണ് അച്ചൻ ക്ലിന്റണ്  അയക്കാൻ വേണ്ടി എഴുതിയ  കത്തിൽ അവസാന വരിയിലായി ഒരു  രഹസ്യ കോഡ്‌ ആയി ശ്മശാനത്തിന്റെ പൊസിഷൻ കൂടി  കൊടുത്തിരുന്നത്....  അതായത് ആ ശവപ്പെട്ടി മറ്റെങ്ങും പോയിട്ടില്ല എന്നാണ് ഞാൻ അനുമാനി 

ക്കുന്നു..... അത് നമ്മുടെ പള്ളിയുടെ ഏതോ ഒരു കല്ലറയിൽ ഉണ്ട്... ഒരു പക്ഷേ റിച്ചാർഡ്സണെ അന്ന് അടക്കിയ കല്ലറയിൽ ആകാനും മതി. "

ഞാൻ ഒന്ന് ഞെട്ടി... "താങ്കളുടെ കണ്ടു പിടിത്തങ്ങൾ എല്ലാം പരസ്പരം യോജിക്കുന്നു എന്നത് വളരെ രസകരമായ കാര്യം തന്നെ. പക്ഷേ ഇവക്കു വേണ്ടത്ര തെളിവുകൾ നമുക്ക് ലഭിച്ചിട്ടില്ലല്ലോ.. പിന്നെങ്ങനെ താങ്കൾക്കിത്ര ആധികാരികമായി ഇത്രയും കാര്യങ്ങൾ പറയാൻ സാധിക്കും ??"

അലക്സി ചിരിച്ചു :" മിസ്റ്റർ ജോൺ... നമുക്ക് ആധികാരികമായി തെളിവുകൾ കളക്റ്റ് ചെയ്യാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ സാഹചര്യതെളിവുകൾ, ഊഹങ്ങൾ ഇവയൊക്കെ ആണ് സഹായകം.. ഇപ്പോൾ തന്നെ ശവപ്പെട്ടി എന്ന വാക്ക് ശ്മശാനവുമായി ബന്ധപ്പെട്ട് കിടക്കുന്നു.. ശ്മശാനത്തിന്റെ പൊസിഷൻ അച്ചൻ റോമിലേക്ക്‌ റോമൻ ഭാഷയിൽ കത്ത് എഴുതുന്നു എങ്കിൽ നമുക്ക് കാര്യങ്ങൾ ഊഹിക്കാവുന്നതല്ലേ ഉളളൂ. " 

" അപ്പൊ ശവപ്പെട്ടിയിൽ എന്തായിരിക്കും എന്ന് താങ്കൾക്ക് എന്തെങ്കിലും ഊഹം ഉണ്ടോ ??"

അലക്സി : " നമ്മൾ ഇത് വരെ മനസ്സിലാക്കിയ കാര്യങ്ങൾ വെച്ചു ഒരു കാര്യം പറയാം 3 പേരാണ് ഈ ഒരു ശവപ്പെട്ടിയുടെ പേരിൽ കൊല്ലപ്പെട്ടത്‌,  അതുകൊണ്ടു തന്നെ അതിൽ വില പിടിപ്പുള്ള എന്തോ ഉണ്ടെന്നു തന്നെ പറയാം. നമുക്ക് അത് കണ്ടെത്തിയെ പറ്റൂ... പറ്റുമെങ്കിൽ ഇന്ന് രാത്രി തന്നെ... "

" രാത്രിയിൽ ??" 

എന്റെ കണ്ണുകളിൽ ഭയത്തിന്റെ ലാഞ്ചന മിന്നി മറഞ്ഞു.. 

" താങ്കൾ എന്താണീ പറയുന്നത് ??  കല്ലറ പൊളിക്കാണോ ഉദ്ദേശിച്ചത് ?? ഒരിക്കലും നടക്കാത്ത കാര്യം..., !!! പള്ളിയെ അറിയിക്കാതെ നമുക്ക് ഒന്നും തന്നെ ചെയ്യാൻ സാധ്യമല്ല.. "

അലക്സി : " മിസ്റ്റർ ജോൺ... നമുക്ക് ഈ കേസ് തെളിയിക്കണം എങ്കിൽ കല്ലറ പൊളിച്ചെ പറ്റൂ.... പക്ഷേ നമ്മൾ ഒന്ന് ഹോം വർക്ക് ചെയ്യുന്നത് നല്ലതായിരിക്കും... താങ്കൾ ധൈര്യമായി ഇരിക്കുക... ഒരു കുഞ്ഞു പോലും അറിയാതെ നമ്മൾ ഇന്ന് രാത്രിയിൽ കല്ലറ പൊളിക്കുന്നു... Ok ?

ഞാൻ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു പോയി.   പെട്ടെന്ന് അലക്സിയുടെ മൊബൈലിൽ ഒരു വാട്സപ്പ് മെസ്സേജ് വന്നു. അലക്സി മൊബൈൽ എടുത്തു നോക്കി.. അയാൾ ആകെ ഹാപ്പിയായി... 

" മിസ്റ്റർ ജോൺ... നമുക്ക് ഇന്ന് കിട്ടിയ റോമൻ ഭാഷയിലെ കത്ത് ഞാൻ ഫോട്ടോ എടുത്തു അയച്ചതിൻ പ്രകാരം എന്റെ പ്രിയ സുഹൃത്തും പ്രൊഫസറുമായ റിക്സൺ എനിക്ക് തർജമ ചെയ്തു മറുപടി  അയച്ചിരിക്കുന്നു.. " 

ഞാൻ ചാടി എണീറ്റു... ഞങ്ങൾ രണ്ട് പേരും ആ തർജമ കണ്ടു പരസ്പരം നോക്കിപോയി...

അതിൽ പരസ്പര ബന്ധം തോന്നാത്ത ചില  ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഉണ്ടായിരുന്നത്‌... 

 1.  യൂദാസ് മരിക്കാത്തതിനു കാരണം എന്താണെന്ന് പറയുക ?

 2. തിരുശേഷിപ്പ് ഇപ്പോഴും എവിടെയാണ് എന്നറിയാത്ത ശിഷ്യൻമാർ അലഞ്ഞു തിരിയുകയാണ് 

 3. അത്താഴത്തിൽ കിട്ടിയ അപ്പക്കഷ്ണം തീരെ ചെറുതായിപ്പോയത്രെ.. !

 4. തിരുശേഷിപ്പിനെ പറ്റി കണ്ടെത്തുക... ജീസസിന്റെ പാദങ്ങളിൽ അർപ്പിക്കുക. 

 5. യൂദാസിന് ശിക്ഷ നൽകേണ്ടത്‌ ആരുടെ ധർമ്മമാണ് ??

 അലക്സി എന്നെ നോക്കി... " മിസ്റ്റർ ജോൺ താങ്കൾ പറഞ്ഞത്‌ 100% സത്യമാണ്. റാഫെൽ അച്ചൻ ആഴത്തിൽ അറിവുള്ള ആളും എന്നാൽ തികഞ്ഞ ബുദ്ധിശാലിയും  കൂടിയാണ്,  അയാൾ മാത്രമല്ല ഈ സന്ദേശം അയച്ച ക്ലിന്റനും... രണ്ട് പേരും പരസ്പരം  ഉപയോഗിച്ചിരിക്കുന്നത്‌ ബൈബിളിലെ അവസ്ഥാന്തരങ്ങൾ ആയതിനാലും റോമൻ ഭാഷയിൽ ആയതിനാലും വിവരങ്ങൾ മറ്റൊരാൾക്ക് മനസ്സിലാകാൻ തീരെ ബുദ്ധിമുട്ടാണ്. ഇങ്ങനൊരു കത്ത് കയ്യിൽ കിട്ടിയിട്ട് പോലും അവർ താങ്കളുടെ പുറകെ വരുന്നത് അവർക്ക് ഇതിൽ നിന്നും ഒന്നും മനസ്സിലാക്കാൻ സാധിക്കാത്തത്‌ കൊണ്ടാണ്."

ഞാൻ ആകാംഷ അടക്കാൻ പറ്റാതെ ചോദിച്ചു :

"അലക്സി താങ്കൾക്ക് ഇതില് നിന്നും എന്തൊക്കെ മനസ്സിലായി എന്ന് വ്യക്തമാക്കാമോ ??"

അലക്സി :" 

യൂദാസ് യേശുവിനെ ഒറ്റിയ ആൾ ആണല്ലോ... ഇവിടെ റിച്ചാർഡ്സൺ‌ എന്ന ഓഫീസർ ശവപ്പെട്ടിയും ആയി കടന്നു കളഞ്ഞു എന്ന് ബ്രിട്ടീഷ് ഗവണ്മെന്റിനെ അറിയിച്ച ഒരാൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അയാളെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്‌ എന്ന് ഞാൻ മനസ്സിലാക്കുന്നു. അയാൾ റിച്ചാർഡ്സന്റെ അടുത്ത സുഹൃത്ത്‌ കൂടി ആയിരിക്കണം  അതുകൊണ്ടാണ് ഒറ്റുകാരൻ എന്ന രീതിയിൽ സംബോധന ചെയ്തിരിക്കുന്നത്‌. മാത്രമല്ല അയാൾക്ക്‌ 100 വയസ്സിനു മുകളിൽ പ്രായമുണ്ട് താനും.. "

" അത് താങ്കൾക്ക് എങ്ങനെയാണ് മനസ്സിലായത്‌ ??" ഞാൻ ഇടയ്ക്കു കയറി 

അലക്സി :" യൂദാസ് മരിക്കാത്തതിന് കാരണം ചോദിച്ചിരിക്കുന്നത്‌ താങ്കൾ ശ്രദ്ധിക്കുക... അയാൾ മരിച്ചിട്ടില്ല എങ്കിൽ 1942 ൽ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്ന അയാൾക്ക്‌ ഇപ്പോൾ എന്ത് പ്രായം ഉണ്ടാകും എന്ന് കണക്ക് കൂട്ടി നോക്കൂ...!!"

"ശരിയാണ്"

അലക്സി തുടർന്നു :" തിരുശേഷിപ്പ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആ ശവപ്പെട്ടിയിൽ നമ്മൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന വില പിടിപ്പുള്ള ആ രഹസ്യമാണ്. ശിഷ്യൻമാർ അയാളുടെ അനുയായികളും... അവർക്ക് അത്‌ എവിടെയാണ് എന്നതിനെ  പറ്റി ഒരു സൂചന പോലും ലഭിച്ചിട്ടില്ല എന്നാണ് അലഞ്ഞു തിരിഞ്ഞു നടക്കുന്നു എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്‌.. 

പിന്നെ അത്താഴത്തിനു കിട്ടിയ കഷ്ണം ചെറുതായി പോയി എന്നത് കൊണ്ട് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് അയാൾക്ക്‌ റിച്ചാർഡ്സൺ‌ ശവപ്പെട്ടി സ്വന്തമാക്കാൻ വേണ്ടി ഓഫർ ചെയ്ത ഷെയർ ആകാം.. അത് തീരെ കുറവായത്‌ കൊണ്ടാകാം ഒരുപക്ഷെ അയാൾ റിച്ചാർഡ്സണെ